Dec 5, 2009

പ്രവാസം സുഖമുള്ള ഒരനുഭവം


ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. റിയാദ് എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് സഊദിയില്‍ കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ..


സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ..

ചിലര്‍ ഇവിടെ പത്തും ഇരുപതും മുപ്പതും വര്‍ഷങ്ങളായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യവും കൗതുകവുമായിരുന്നു. എങ്ങനെ ഇത്രയും വര്‍ഷങ്ങള്‍...

ഞാന്‍ പറഞ്ഞു, ഒരു വര്‍ഷം.. ഏറിവന്നാല്‍ രണ്ടു വര്‍ഷം... അതില്‍ക്കൂടുതല്‍...

എല്ലാ പ്രവാസികളും ആദ്യ ദിനങ്ങളില്‍ പറയുന്നതാണിത്.. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.നാലോ അഞ്ചോ മാസം കഴിയുമ്പോള്‍ നിനക്ക് മനസ്സിലാവും എങ്ങനെയാണ് ഞങ്ങള്‍ ഇത്രയും കാലം ഇവിടെ നിന്നതെന്ന്.. ഇന്നലെ വന്നതു പോലെയാണ് ഞങ്ങള്‍ക്കിപ്പോഴും അനുഭവപ്പെടുന്നത് എന്നൊക്കെയായിരുന്നു അവരുടെ സംസാരങ്ങള്‍..

ഇരുപതു വര്‍ഷത്തിലേറെയായി ഇവിടെ ജോലിചെയ്യുന്ന ഒരാളോട് ഞാന്‍ ചോദിച്ചു.., ഒരു തിരിച്ചു പോക്കിനെക്കുറിച്ച്...?

അയാള്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ച് ആകാശത്തേക്ക് നോക്കി കുറച്ച് നേരം നിന്നു. പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ അയാളെന്റെ മുഖത്തേക്ക് നോക്കി.

വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയല്ലെ..

മറ്റൊരു പതിനെട്ട് വര്‍ഷത്തെ പ്രവാസത്തോട് ഞാനിതേ ചോദ്യം ആവര്‍ത്തിച്ചു.

അതിനെക്കുറിച്ചാലോചിക്കുമ്പോള്‍ വല്ലാത്തൊരു ഭയമാണെനിക്ക്.. നാട്ടില്‍ ചെന്നിട്ട് നമ്മളെന്ത് ചെയ്യാനാണ്. രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മാസത്തെ ലീവിനു നാട്ടിലേക്ക് പോയാല്‍ ലീവു കഴിയും മുന്‍പ് തിരിച്ചു പോരാന്‍ നിര്‍ബന്ധിതനാവുന്ന ഒരു പ്രവാസിയാണ് ഞാന്‍. ചെന്നിറങ്ങിയതിന്റെ പിറ്റേന്നു മുതല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമറിയേണ്ടത് എന്നാണ് തിരിച്ചു പോകുന്നതെന്നാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചുവരാന്‍ ഒരിടമെവിടെ സുഹ്യത്തെ...

മറ്റൊരു പതിനാലു വര്‍ഷത്തെ പ്രവാസം പറഞ്ഞു,

രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാസികള്‍ എങ്ങോട്ട് തിരിച്ചു പോകാനാണ്. തിരിച്ചു പോകാനൊരിടമുണ്ടോ അവര്‍ക്ക്. നാട്ടിലും വിദേശത്തും പ്രവാസിയാണവന്‍. ഒരഭയാര്‍ഥിയെപ്പോലെ, സ്വന്തം അസ്ഥിത്വമില്ലാത്തവന്‍... ശരീരമില്ലാത്തവന്‍... ആത്മാവില്ലാത്തവന്‍... വികാര വിചാരങ്ങളില്ലാത്തവന്‍... വോട്ടവകാശം പോലുമില്ലാത്തവന്‍... ഒരു പ്രവാസിയുടെ സാന്നിധ്യത്തെക്കാള്‍ വീട്ടുകാരും നാട്ടുകാരും അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്... പ്രഷര്‍... ഷുഗര്‍... പ്രമേഹം... കൊളസ്ട്രോള്‍... പ്രവാസികള്‍ക്ക് പരമ സുഖമല്ലെ ഇവിടെ. പിന്നെ എന്തിനാണൊരു തിരിച്ചുപോക്കിനെക്കുറിച്ചാലോചിച്ച് മൂഡു കളയുന്നത്...

പന്ത്രണ്ടു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞു,

നാലു കൊല്ലം കഴിഞ്ഞപ്പോള്‍ എല്ലാം നിര്‍ത്തി തിരിച്ചു പോയതാണ് ഞാന്‍. ഒരു വര്‍ഷം നാട്ടില്‍ പല പണികളുമായി കൂടി. നമ്മുടെ സാന്നിധ്യത്തെക്കാള്‍ മറ്റു പലതുമാണ് നമ്മില്‍ നിന്നും നമ്മുടെ വേണ്ടപ്പെട്ടവര്‍ എന്നു കരുതുന്നവര്‍ പോലും പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മറ്റൊരു വിസക്ക്... കടമകളും കടപ്പാടുകളും ബാധ്യതകളും ഏറ്റെടുക്കുക എന്നതുപോലെത്തന്നെ ഇവയെല്ലാത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം കൂടിയാണ് ചിലപ്പോള്‍ പ്രവാസം. കുഴലും ഡ്രാഫ്റ്റും കാത്തിരുന്നു ശീലിച്ചവര്‍ക്ക് അതു മുടങ്ങുമ്പോഴുണ്ടായേക്കാവുന്ന മുറുമുറുപ്പ് മണിയറയിലെ രസം കെടുത്തിത്തുടങ്ങുമ്പോള്‍ രണ്ടാം പ്രവാസത്തിന് സമയമാകുന്നു. അവിടെ പിന്നെയൊരു മടങ്ങിപ്പോക്കിന് പ്രസക്തിയില്ല.

പതിനേഴു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞതിങ്ങനെയാണ്,

പ്രവാസം സുഖമുള്ള ഒരനുഭവമാണ്. ഒരു പ്രത്യേക സുഖം. ആ സുഖം ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെയൊരു മടങ്ങിപ്പോക്കിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അതു പറഞ്ഞറിയിക്കാനാവില്ല. അനുഭവിച്ചു തന്നെ അറിയണം...

ഇപ്പോള്‍ ഞാന്‍ സഊദിയില്‍ എത്തിയിട്ട് അഞ്ചു മാസം കഴിയുന്നു. ഇഖാമ കിട്ടി. പണിയും ലെവലായി. റോഡിലൂടെ ഇറങ്ങി നടക്കാന്‍ ഒരു ബേജാറുമില്ല. ജനിച്ചു വളര്‍ന്ന നാടുപോലെ... മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ദൂരം കുറഞ്ഞിരിക്കുന്നു. നാടും വീടും മനസ്സില്‍ നിന്നും മാഞ്ഞ് മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. റിയാലുകള്‍ മനസ്സില്‍ ഇടം നേടുന്നു....

അതെ, പ്രവാസം ഒരു സുഖമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കും!

സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ:

ഷുഗര്‍, പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍... സകല ഭൂത പിശാചുക്കള്‍ക്കും നമോവാകം!

mukthar udarampoyil

My Photo

1 comment: